സ്മാർട്ഫോണുകൾ രംഗത്തെത്തിയതു മുതൽക്കാണ് ഫോണിൽ ചാർജു നിൽക്കുന്നില്ലെന്ന പരാതികളും വർധിച്ചു തുടങ്ങിയത്. വാട്സ്ആപ്പിലും ഫേയ്സ്ബുക്കിലും മെസഞ്ചറിലും യൂട്യൂബിലുമൊക്കെ കുത്തി ഫോണിലെ ചാർജ് തീരുമ്പോഴേ തലയിൽ കൈ വയ്ക്കൂ. നടക്കുന്നതിനൊപ്പം ചാർജ് ചെയ്യാൻ വല്ല വഴിയുമുണ്ടോ എന്നു പോലും പലരും ആലോചിക്കാറുണ്ട്. എന്നാൽ ചിട്ടയോടെ ചില കാര്യങ്ങൾ ശീലിച്ചാൽ ഒരുപരിധി വരെ മൊബൈലിലെ ചാർജ് പെട്ടെന്ന് ഇറങ്ങുന്നത് ഒഴിവാക്കാനാവും.
ഫോൺ അമിതമായി ചൂടാവുന്ന സാഹചര്യം ഒഴിവാക്കുക
ഫോൺ അമിതമായി ചൂടാവുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും. ലിതിയം ഇയോൺ ബാറ്ററികളുടെ പ്രധാന ശത്രുവാണ് ചൂട്. അമിത വെയിൽ മൂലമോ ചാർജ് ചെയ്യുന്നതിനിടെ ചില ഗെയിമുകൾ കളിക്കുമ്പോഴോ മണിക്കൂറുകൾ ഫോണിൽ സംസാരിക്കുമ്പോഴോ ഒക്കെയാണ് ഫോൺ പെട്ടെന്ന് ചൂടാവുക. ഇൗ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
ചാർജിങിനു വച്ചിരിക്കുന്നതിനിടെ ഉപയോഗിക്കാതിരിക്കുക
ഫോൺ ചാർജു ചെയ്യാൻ വച്ചിരിക്കുന്നതിനിടെയുള്ള ഉപയോഗവും ഒഴിവാക്കണം. ചാർജിങിനിടെ വളരെ കുറച്ചുസമയം ഉപയോഗിക്കുന്നതുപോലും ഫുൾചാർജ് ആക്കാതിരിക്കുകയും തന്മൂലം ബാറ്ററി പെട്ടെന്ന് ഡാമേജ് ആവുകയും ചെയ്യും
കമ്പനി ചാർജർ തന്നെ ഉപയോഗിക്കുക
ഫോണിൽ ചാർജ് നിൽക്കാതിരിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണം പലരും യഥാർത്ഥ കമ്പനി ചാർജുകൾ ഉപയോഗിക്കാത്തതാണ്. ഫെയ്ക്ക് ചാർജറുകൾ സാധാരണ വലിക്കുന്നതിനേക്കാൾ അധികം കറന്റ് വലിച്ചെടുക്കും. ഇതുമൂലം ബാറ്ററി സെല്ലിലെ ചാർജ് റിറ്റൻഷൻ കപ്പാസിറ്റി കുറയുകയും ചാർജ് എളുപ്പത്തിൽ തീരുകയും ചെയ്യും.
രാത്രി മുഴുവൻ ചാർജിങിൽ ഇടാതിരിക്കുക
പലരും രാത്രി മുഴുവൻ ഫോൺ ചാർജു ചെയ്യാൻ വയ്ക്കുന്നവരാണ്. അടുത്ത ദിവസം ഫുൾചാർജ് ആയി ഫോൺ കിട്ടുകയാണ് ഉദ്ദേശമെങ്കിലും ഇതും ഫോണിന്റെ ബാറ്ററിയ്ക്ക് ദേഷകരമാണ്. 100 ശതമാനം ചാർജ് ആയതിനുശേഷവും ഫോൺ ചാർജിങ് മോഡിൽ തന്നെ ഇരിക്കുന്നത് ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കും.
പവർ സേവർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം
മിക്ക ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഫോണുകളിൽ പവർ സേവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഫോണിലെ ചാർജ് പരിധിവിട്ടും കുറയുന്ന സന്ദർഭങ്ങളിൽ പവർ സേവിംഗ് ആപ് ഓൺ ചെയ്തിടാം. ഇതുവഴി ഫോണിലെ ചാർജ് അമിതമായി പാഴാക്കുന്ന ആപ്പുകൾ താൽക്കാലികമായി ഓഫ് ചെയ്തിടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ